സംഗീത ലോകത്തെ രാജകുമാരി ജാനകിയമ്മയ്ക്കു വിട...; തെന്നിന്ത്യൻ വാനമ്പാടി എസ്.ജാനകി അന്തരിച്ചു

സംഗീത ലോകത്തെ രാജകുമാരി ജാനകിയമ്മയ്ക്കു വിട. തെന്നിന്ത്യൻ വാനമ്പാടി എസ്.ജാനകി അന്തരിച്ചു

സംഗീത ലോകത്തെ രാജകുമാരി ജാനകിയമ്മയ്ക്കു വിട...; തെന്നിന്ത്യൻ വാനമ്പാടി എസ്.ജാനകി അന്തരിച്ചു

‘ഇന്ത്യയിൽ ജനിച്ചതാണെങ്കിലും, ലോകം മുഴുവൻ സുഖംപകരാനായ്’ ഭൂമിയിൽ അവതരിച്ച ശബ്ദം നിലച്ചു. സംഗീതവിസ്മയം എസ്.ജാനകി (88) ഇനി ഓർ‌മകളിലെ മായാത്ത സ്വരം. മൈസൂരു ബൊഗാദി സെക്കൻഡ് സ്റ്റേജ് നോർത്തിലെ വീട്ടിൽ കുഴഞ്ഞു വീണ ജാനകിയെ ഇന്നലെ ഉച്ചയ്ക്ക് അപ്പോളോ ബിജിഎസ് ആശുപത്രിയിലാക്കിയിരുന്നു. രാത്രി 7.30നായിരുന്നു അന്ത്യം. ജനുവരിയിൽ ഏക മകൻ മുരളി കൃഷ്ണയുടെ മരണശേഷം ചെറുമകൾ അപ്സര വൈദ്യുലയ്ക്കൊപ്പമായിരുന്നു താമസം. 

ഇരുപതോളം ഭാഷകളിൽ ഇരുപതിനായിരത്തിലേറെ പാട്ടുകളുമായി ഹൃദയങ്ങൾ കീഴടക്കിയ വാനമ്പാടി 2017 ഒക്ടോബറിൽ 79– ാം വയസ്സിലാണ് പൊതുവേദിയിൽനിന്നു വിരമിച്ചത്. തൊട്ടുതലേവർഷം പുറത്തിറങ്ങിയ ‘പത്തു കൽപനകളി’ലെ ‘അമ്മപ്പൂവിന്’ എന്ന താരാട്ടാണ് അവസാനമായി മലയാള സിനിമയ്ക്കുവേണ്ടി പാടിയ ഗാനം. ആന്ധ്ര ഗുണ്ടൂരിലെ ആയുർവേദ ഡോക്ടർ ശിസ്തില രാമമൂർത്തിയുടെയും സത്യവതിയുടെയും മകളായി 1938 ഏപ്രിൽ 23നാണു ജനനം.  

ജാനകിയെ ലോകമറിയുന്ന ഗായികയായി വളർത്തിയതു നാടകകലാകാരനായ അമ്മാവൻ ഡോ.ചന്ദ്രശേഖറും അദ്ദേഹത്തിന്റെ മകൻ വി.രാമപ്രസാദുമാണ്. ജാനകിയും രാമപ്രസാദും 1958 ൽ വിവാഹിതരായി. 1997 ൽ അദ്ദേഹം മരിച്ചതോടെ സംഗീതരംഗത്തുനിന്ന് മാറിനിന്ന ജാനകിയെ ആരാധകർ നിർബന്ധിച്ചു തിരികെക്കൊണ്ടുവരികയായിരുന്നു.

1957 ൽ 19–ാം വയസ്സിൽ മദ്രാസിലെ എവിഎം സ്റ്റുഡിയോയിൽ ജാനകി ജോലി നേടി. ആ വർഷം തന്നെ പ്രശസ്ത സംഗീത സംവിധായകൻ ചലപതി റാവുവിനുവേണ്ടി വിധിയിൻ വിളയാട്ട് എന്ന തമിഴ് ചിത്രത്തിൽ പാടിയാണു തുടക്കം. തുടർന്ന് മലയാളം ഉൾപ്പെടെ 6 ഭാഷകളിൽ പാടാൻ കരാറുമായി. 1957 ൽ ‘മിന്നുന്നതെല്ലാം പൊന്നല്ല’ എന്ന ചിത്രത്തിലെ ‘ഇരുൾ മൂടുകയോ’ എന്ന ഗാനത്തിലൂടെ മലയാളത്തിലെത്തിയ ജാനകി,

കേരളത്തിന്റെ സ്വന്തം ശബ്ദമായി. മലയാളത്തിൽ മാത്രം 1200ലേറെ പാട്ടുകൾ. മിക്ക സംഗീതസംവിധായകരുടെയും ഈണങ്ങൾക്കു സ്വരമായെങ്കിലും ബാബുരാജിന്റെ ഗാനങ്ങളിലൂടെയാണ് ആസ്വാദകമനസ്സിൽ സ്ഥിരപ്രതിഷ്ഠ നേടിയത്. ശാസ്ത്രീയസംഗീതം അഭ്യസിക്കാത്ത അവർ, സിനിമകളിലെ അർധ ശാസ്ത്രീയ ഗാനങ്ങൾ അനായാസം ആലപിച്ചു. കൗമാരത്തിൽ ബാധിച്ച ആസ്മയെ അതിജീവിച്ചാണു ജാനകി അതിമധുരമായി ഗാനങ്ങളാലപിച്ചത്. നാം നെഞ്ചേറ്റിയ പല ഗാനങ്ങളും അവർ പാടിയത് ആശുപത്രിക്കിടക്കയിൽ നിന്നെഴുന്നേറ്റുവന്നായിരുന്നു.