ഗോവധ നിരോധനത്തിനെതിരെ രണ്ടും കൽപ്പിച്ച് വിജയ് സർക്കാർ; മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ
ഗോവധ നിരോധനത്തിനെതിരെ രണ്ടും കൽപ്പിച്ച് വിജയ് സർക്കാർ; മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ
ചെന്നൈ: സംസ്ഥാനത്ത് ഗോവധത്തിന് "സമ്പൂർണ നിരോധനം" ഏർപ്പെടുത്തിയ മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ വിജയ് നേതൃത്വത്തിലുള്ള തമിഴ്‌നാട് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. സംസ്ഥാനത്ത് പശുക്കളെ കൊല്ലുന്നതിന് ഏർപ്പെടുത്തിയ സമ്പൂർണ നിരോധനം നിയമപരമായ ചട്ടക്കൂടുകൾക്ക് അപ്പുറമുള്ളതാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്.
ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം അംഗീകൃത കശാപ്പുശാലകളിൽ ഉൾപ്പെടെ ഗോവധത്തിന് പൂർണ്ണമായ നിരോധനം ഏർപ്പെടുത്തിയതായി തമിഴ്‌നാട് സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. ഹൈക്കോടതി വിധി സംസ്ഥാനത്തിന്റെ നിലവിലുള്ള കശാപ്പ് നിയന്ത്രിക്കുന്ന നിയമപരമായ ചട്ടക്കൂടിന് വിരുദ്ധമാണ്. അതിനാൽ അത്തരമൊരു നിരോധനം നിയമപരമായി അംഗീകരിക്കാനാവില്ലെന്ന് സർക്കാർ വ്യക്തമാക്കി. ഹൈക്കോടതിയുടെ നിർദേശങ്ങൾക്ക് ഇടക്കാല സ്റ്റേ നൽകണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്.
സുപ്രിം കോടതി വെബ്‌സൈറ്റ് പ്രകാരം ജൂൺ 9നാണ് തമിഴ്നാട് സർക്കാർ ഹർജി സമർപ്പിച്ചിരിക്കുന്നത്. ഫയലിങ്ങിലെ സാങ്കേതിക പിഴവുകൾ പരിഹരിക്കുന്നതിനായി ഹരജി നിലവിൽ 'ഡിഫക്റ്റ് ലിസ്റ്റിൽ' ഉൾപ്പെടുത്തിയിരിക്കുകയാണ്. സംസ്ഥാന സർക്കാരിന്‍റെ സ്റ്റാൻഡിങ് കൗൺസിലറും അഡ്വക്കേറ്റ് ഓൺ റെക്കോഡുമായ ജയശ്രീ നരസിംഹനാണ് തമിഴ്‌നാടിന് വേണ്ടി ഹർജി സമർപ്പിച്ചത്.
1958 ലെ തമിഴ്‌നാട് മൃഗസംരക്ഷണ നിയമം, 1998 ലെ തമിഴ്‌നാട് നഗര തദ്ദേശ സ്വയംഭരണ സ്ഥാപന നിയമം, 2023 ലെ തമിഴ്‌നാട് നഗര തദ്ദേശ സ്വയംഭരണ സ്ഥാപന നിയമങ്ങൾ, ഭക്ഷ്യ സുരക്ഷാ ചട്ടങ്ങൾ എന്നിവ മൃഗങ്ങളെ കശാപ്പ് ചെയ്യുന്നത് നിയന്ത്രിക്കുന്നതിന് വ്യവസ്ഥ ചെയ്യുന്നുണ്ടെന്ന് സർക്കാർ ഹർജിയിൽ പറഞ്ഞു. 10 വയസ്സിന് മുകളിലുള്ള പശുക്കളെ പ്രജനനത്തിനോ ജോലിക്കോ യോഗ്യമല്ലെന്ന് യോഗ്യതയുള്ള അതോറിറ്റി സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെങ്കിൽ അവയെ കശാപ്പ് ചെയ്യാൻ നിയമം അനുവദിക്കുന്നുണ്ട്.
ബക്രീദ് തലേന്നോ മറ്റേതെങ്കിലും ദിവസമോ സംസ്ഥാനത്ത് പശുവിനെയോ കിടാവിനെയോ അറുക്കുന്നില്ലെന്ന് ഉറപ്പാക്കാൻ തമിഴ്‌നാട് സർക്കാരിനോട് മദ്രാസ് ഹൈക്കോടതി മെയ് 27ന് ഉത്തരവിലൂടെ നിർദേശം നൽകിയതാണ് നിയമപരമായ തർക്കം ഉടലെടുക്കാൻ കാരണമായത്. ബക്രീദ് ദിനത്തിൽ പൊതുസ്ഥലങ്ങളിൽ പശുക്കളെ കൊല്ലുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി (പിഐഎൽ) പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസുമാരായ ജിആർ സ്വാമിനാഥൻ, വി ലക്ഷ്മിനാരായണൻ എന്നിവരടങ്ങിയ അവധിക്കാല ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്.
ഉത്തരവ് പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സംസ്ഥാനത്തുടനീളമുള്ള ഉദ്യോഗസ്ഥർക്ക് ഉചിതമായ നിർദേശങ്ങൾ നൽകാൻ കോടതി നിർദേശം നൽകിയിരുന്നു. കശാപ്പുശാലകളല്ലാത്ത സ്ഥലങ്ങളിൽ ബലിയർപ്പിക്കുന്നതിനായി പശുക്കളെയും കന്നുകാലികളെയും അറുക്കുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്യുന്നുണ്ടെന്ന് ആരോപിച്ച് കോയമ്പത്തൂരിലെ കെ സൂര്യ പ്രശാന്ത് സമർപ്പിച്ച ഹർജിയിലായിരുന്നു കോടതി ഉത്തരവ്.
admin